03:35am 20 October 2026
NEWS
കാവിന്റെ ദോഷം, മരണം ജ്യോത്സ്യൻ പ്രവചിച്ചിരുന്നു; പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ വിചിത്ര വാദവുമായി പിതാവ്
19/10/2026  12:32 PM IST
nila
കാവിന്റെ ദോഷം, മരണം ജ്യോത്സ്യൻ പ്രവചിച്ചിരുന്നു; പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ വിചിത്ര വാദവുമായി പിതാവ്

ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ പുറത്തുവരുന്നു. കുട്ടിക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും ലഭിച്ചിരുന്നില്ലെന്ന നാട്ടുകാരുടെ ആരോപണങ്ങൾക്കിടെ, മരണത്തിനു പിന്നിൽ കാവിന്റെ ദോഷമാണെന്ന ജ്യോത്സ്യന്റെ പ്രവചനമാണ് കാരണമെന്ന വാദവുമായി പിതാവ് രാജേഷ് രംഗത്തെത്തി. എന്നാൽ, കുടുംബത്തിലെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നേരത്തെയും പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു.

രാജേഷ്–താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായിരുന്നു മരിച്ച രാഹുൽ. കുട്ടി ഒന്നും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നാണ് പിതാവിന്റെ വിശദീകരണം. അതേസമയം, മാതാപിതാക്കൾ കുട്ടിയെ വേണ്ടവിധം പരിചരിച്ചിരുന്നില്ലെന്നും ഭക്ഷണം നൽകിയിരുന്നില്ലെന്നും അയൽവാസികൾ ആരോപിക്കുന്നു. മൂത്ത പെൺകുട്ടികളായിരുന്നു രാഹുലിനെ എടുത്തുകൊണ്ട് നടന്നിരുന്നതെന്നും നാട്ടുകാർ പറയുന്നു.

വൈകിട്ട് വീട്ടിലെത്തുന്ന രാജേഷ് ഒരു കവർ പാൽ വാങ്ങി തിളപ്പിച്ച് മൂത്ത കുട്ടികളുടെ കൈയിൽ നൽകാറുണ്ടായിരുന്നുവെന്നും പലപ്പോഴും അതായിരുന്നു കുട്ടികൾക്ക് ലഭിച്ചിരുന്ന പ്രധാന ഭക്ഷണമെന്നുമാണ് അയൽവാസികളുടെ ആരോപണം.

നേരത്തെയും കുഞ്ഞിന്റെ മരണം; സംസ്കാരം രഹസ്യമായിരുന്നെന്ന് നാട്ടുകാർ

കുടുംബത്തിലെ മറ്റൊരു കുഞ്ഞും നേരത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടി കയ്യിൽനിന്ന് വീണാണ് മരിച്ചതെന്ന് അന്ന് താര പറഞ്ഞിരുന്നുവെന്നും മരണവിവരമോ സംസ്കാരമോ സംബന്ധിച്ച് നാട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും അവർ ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി തവണ നാട്ടുകാരും പൊതുപ്രവർത്തകരും ഇടപെട്ടിരുന്നുവെന്നും എന്നാൽ കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളോട് മാതാപിതാക്കൾ സഹകരിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.

സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമം തടഞ്ഞെന്ന് ആരോപണം

കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ഐസിഡിഎസ് പ്രവർത്തകർ നേരത്തെ ഉത്തരവുമായി എത്തിയപ്പോൾ താര ആത്മഹത്യാ ഭീഷണി മുഴക്കിയതായി പഞ്ചായത്തംഗം വെളിപ്പെടുത്തി. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ, വാക്സിനേഷൻ രേഖകൾ തുടങ്ങിയവ മാതാപിതാക്കളുടെ കൈവശമില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഈ മാസം ആറിന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കുട്ടികളെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും എതിർപ്പുണ്ടായെന്നാണ് നാട്ടുകാരുടെ മൊഴി. അന്ന് പൂർണഗർഭിണിയായിരുന്ന താര ഉദ്യോഗസ്ഥരുടെ വാഹനത്തിനു മുന്നിൽ കിടന്ന് തടസ്സം സൃഷ്ടിച്ചുവെന്നും അവർ പറയുന്നു.

ഗാന്ധിഭവനിൽനിന്നും മടങ്ങിപ്പോന്നു

കുടുംബം നേരത്തെ താമസിച്ചിരുന്ന സ്ഥലത്തും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് താരയെയും കുട്ടികളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാൽ, അവിടെ എത്തിയശേഷം രാജേഷിനൊപ്പം മടങ്ങിപ്പോകണമെന്ന് താര നിർബന്ധം പിടിച്ചുവെന്നും രാജേഷ് പതിവായി ഗാന്ധിഭവനിൽ എത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഒടുവിൽ കുട്ടികളുമായി താര അവിടെനിന്ന് മടങ്ങുകയായിരുന്നു.

രാഹുൽ മരിച്ച സമയത്ത് താര ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിനായി ആശുപത്രിയിലായിരുന്നു. ഇതോടെ കുടുംബത്തിലെ കുട്ടികളുടെ സുരക്ഷയും പരിചരണവും സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമായി.

അഞ്ച് കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

സംഭവത്തിനു പിന്നാലെ കുടുംബത്തിലെ മറ്റ് കുട്ടികളെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മരിച്ച രാഹുലിന്റെ സഹോദരിമാരും പുതുതായി ജനിച്ച കുഞ്ഞും ഉൾപ്പെടെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടികളെ മാതാപിതാക്കൾക്ക് തിരികെ കൈമാറരുതെന്നും അവർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img